
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ കെഎസ്ഇബി ഓഫീസുകൾക്കും അവധിയായതിനാൽ ക്യാഷ് കൗണ്ടറുകൾ ഉൾപ്പെടെ പ്രവർത്തിക്കില്ല.
നഗരത്തിൽ ഗതാഗത നിയന്ത്രണം
വള്ളംകളിയോടനുബന്ധിച്ച് രാവിലെ ഒൻപത് മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണപ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിപ്പിക്കില്ല.
എറണാകുളം ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തണം. യാത്രക്കാരെ ഇറക്കിയശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കുഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്നെത്തുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിച്ച് യാത്രക്കാരെ ഇറക്കണം. തുടർന്ന് ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ എത്തുന്ന, ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ട കെഎസ്ആർടിസി ബസുകൾ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷൻ വഴി യാത്രക്കാരെ ഇറക്കിയശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരിച്ചുപോകണം.
വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണം?
നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തുന്നവർ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശത്ത് എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. വള്ളംകളി കാണാനെത്തുന്നവർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.










